കുട്ടികള്‍ ഭാവിയില്‍ ആരാവണം ? രക്ഷിതാവിന്റെ പങ്ക്,കുടുംബത്തിന്റെ പങ്ക് എന്താവണം ?

വലിയ സ്വപ്നങ്ങള്‍ കാണാന്‍ നമ്മുടെ കുഞ്ഞുങ്ങളോട് പറഞ്ഞത് നമ്മുടെ പ്രിയങ്കരനായ മുന്‍രാഷ്ട്രപതി അബ്ദുള്‍കലാം ആണ്. വലിയ ലക്ഷ്യങ്ങള്‍ നേടാനുള്ള ആദ്യപടി വലിയ സ്വപ്നം കാണല്‍ തന്നെ. നമ്മുടെ കുഞ്ഞുങ്ങളില്‍ എത്ര പേര്‍ വലിയ സ്വപ്നങ്ങള്‍ കാണാറുണ്ട് ? ക്ലാസ്സ് മുറികളിലെ മുന്നാക്കക്കാരായ കുറച്ചുപേര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെട്ടു പോകുന്നത് എന്തുകൊണ്ടാവും ? സ്വപ്നം കണ്ടാല്‍, അതിനു വേണ്ടി ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് ഉറപ്പായും നടക്കും എന്ന കാര്യം കുട്ടികളില്‍ ഉറച്ച വിശ്വാസമായി മാറാത്തത് എന്തുകൊണ്ടാവും ?നമ്മുടെ ഇടപെടലുകള്‍ ,വാക്കുകള്‍ , മുഖഭാവങ്ങള്‍ സംസാരങ്ങള്‍ ഒക്കെ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന തരത്തിലാക്കാന്‍ നമ്മള്‍ പരാജയപ്പെടുന്നുണ്ടോ ?


സ്വപ്നം രൂപപ്പെടുന്നത്


കുഞ്ഞുങ്ങള്‍ എങ്ങനെയാണ് അവരുടെ സ്വപ്നം തീരുമാനിക്കുന്നത് ? കുടുംബാംഗങ്ങളുടെ ഇടപെടലുകള്‍ ,വാക്കുകള്‍ , മുഖഭാവങ്ങള്‍ സംസാരങ്ങള്‍ ഒക്കെ അവരെ ഇക്കാര്യത്തില്‍ തീര്‍ച്ചയായും സ്വാധീനിക്കുന്നുണ്ട്.ഇതിനൊപ്പം കൂട്ടുകാര്‍ ആധ്യാപകര്‍ പൊതു സമൂഹം എന്നിവയ്ക്കൊക്കെ ഇക്കാര്യത്തില്‍ പങ്കുണ്ട്.പത്രം ,മൊബൈല്‍,ടി.വി എന്നിവയില്‍ നിന്നുമൊക്കെ അവര്‍ സ്വപ്നങ്ങള്‍ക്ക് വിത്തുകള്‍ തേടുന്നുണ്ട്.

ഇവയില്‍ ഏറ്റവും പ്രധാനം ആദ്യം പറഞ്ഞ കുടുംബത്തിന്റെ സ്വാധീനം തന്നെ.എങ്ങനെയൊക്കെയാണ് നമ്മള്‍ ഇടപെടേണ്ടത് ?

സ്വപ്നം ചര്‍ച്ച ചെയ്യുമ്പോള്‍ കരുത്താര്‍ജ്ജിക്കുന്നത്


കുഞ്ഞുങ്ങള്‍ അവരുടെ സ്വപ്നത്തെക്കുറിച്ച് സംസാരിക്കന്നില്ല എങ്കില്‍ ബോധപൂര്‍വ്വമായി ഇടപെട്ട് പറയിക്കേണ്ടിവരും .ബഹുഭൂരിപക്ഷം കുട്ടികളുടെ കാര്യത്തിലും ഈ ബാഹ്യഇടപെടല്‍ വേണ്ടിവരും. എത്ര വലുതോ വിചിത്രമോ അപ്രായോഗികമോ ആയ സ്വപ്നം കുട്ടികള്‍ മുന്നോട്ടുവെച്ചാലും അതിനെ കളിയാക്കുകയോ ചിരിച്ചുതള്ളുകയോ പാടില്ല. അപ്രായോഗികം എന്നൊക്കെ തോന്നാമെങ്കിലും അത് അങ്ങനെ തന്നെ ആവണം എന്നില്ല. എന്തുകൊണ്ടാണ് നീ ഇത് സ്വീകരിക്കുന്നത് ? അതിന് എന്തൊക്കെ ചെയ്യാനാണ് തീരുമാനം? എങ്ങനെയാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുക ? അതിന് നിലവിലെ രീതിയില്‍ എന്തൊക്കെ മാറ്റങ്ങളാണ് നീ സ്വീകരിക്കാന്‍ പോകുന്നത് എന്നീ ചദ്യങ്ങള്‍ ഉന്നയിച്ച് എന്റെ സ്വപ്നത്തെ എന്റെ രക്ഷിതാക്കള്‍ ഗൗരവത്തോടെയാണ് കാണുന്നത് എന്ന ബോധ്യം കുട്ടിയില്‍ വരുത്തേണ്ടതുണ്ട്. അപ്പോഴാണ് കുട്ടിയും അവന്റെ സ്വപ്നത്തെ ഗൗരവമായി സമീപിക്കുക

സ്വപ്നം തീരെ ചെറുതായിപ്പോയാല്‍


കുഞ്ഞുങ്ങള്‍ കാണുന്ന സ്വപ്നം തീരെ നിസ്സാരമെന്ന് തോന്നിയാല്‍ ചെറിയ ഇപെടലുകള്‍ ആവാം.അപ്പോഴും ഒരു സ്വപ്നവും ചെറുതല്ല എന്ന ബോധ്യം നമുക്ക് ഉണ്ടാവണം.നിന്റെ കഴിവനുസരിച്ച് ഇതല്ലല്ലോ സാധിക്കുക ? കൂടുതല്‍ അധ്വാനിക്കാനുള്ള മടി കൊണ്ടാണോ സ്വപ്നം ചെറുതാക്കിയത് എന്നൊക്കെ ചോദ്യങ്ങള്‍ ആവാം.അപ്പോഴും അവന്റെ സ്വപ്നത്തെ ബഹുമാനിക്കുന്നുണ്ട് എന്ന് അവനു് ഉത്തമ ബോധ്യം ഉണ്ടാവണം.

സ്വപ്നം പരസ്യപ്പെടുത്തുമ്പോള്‍ കരുത്താര്‍ജ്ജിക്കുന്നത്


കുഞ്ഞുങ്ങള്‍ അവരുടെ സ്വപ്നത്തെ പരസ്യമായി പ്രഖ്യാപിക്കേണ്ടതുണ്ട്.അപ്പോഴേ സ്വപ്നത്തിനായുള്ള അധ്വാനം നിര്‍ബന്ധമാണെന്ന് അവന് തോന്നുകയുള്ളൂ. അതിന് ആവശ്യമായ പിന്തുണ നല്‍കണം. ഈ സ്വപ്നം അപ്രതീക്ഷിത കാരണങ്ങളാല്‍ എത്താനായില്ലെങ്കില്‍ എങ്ങനെ പ്രതികരിക്കും എന്നുള്ള ചര്‍ച്ചയും കൂടി നടത്താന്‍ മറന്നുപോകരുത്.

Comments

Popular Posts