നമ്മുടെ പ്രപഞ്ചം
നമ്മുടെ പ്രപഞ്ചം
ജോര്‍ജ്ജ്.കെ.ടി.
അനന്തവും ഏറെ അജ്ഞാതവുമാണ് ഈ ലോകം.4.5 ബില്യണ്‍ വര്‍ഷങ്ങളുടെ പഴക്കമാണ് നമ്മുടെ ഭൂമിക്ക് കണക്കാക്കപ്പെടുന്നത്.അതായത് 450 കോടി വര്‍ഷം.ഭൂമി ഉണ്ടായ ദിവസം തന്നെ മനുഷ്യനും ഉണ്ടായി എന്ന് സങ്കല്‍പിക്കുക.ഒരു മനുഷ്യന്‍ 100 വര്‍ഷം ജീവിക്കുന്നു എന്ന് കണക്കാക്കിയാല്‍ നാലരക്കോടി തലമുറകള്‍ കടന്നുപോയിരിക്കുന്നു എന്ന് പറയാം.പക്ഷേ ആധുനിക മനുഷ്യന്‍ ഈ ഭൂമിയില്‍ ഉടലെടുത്തിട്ട് വെറും രണ്ടു ലക്ഷം വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നും നമ്മള്‍ ഓര്‍ക്കണം.എന്നിട്ടും പ്രപഞ്ചത്തിന്റെ ഒരു കോണില്‍ അതിശക്തനായ ജീവിവര്‍ഗമായി നമ്മള്‍ അങ്ങനെ വിഹരിക്കുകയാണ്. നാം അധിവസിക്കുന്ന ഭൂമിയില്‍ മാത്രമല്ല മറ്റ് ആകാശ ഗോളങ്ങളിലേക്കും അവന്റെ സഞ്ചാരം നമ്മള്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രപഞ്ചത്തക്കുറിച്ച് അറിയാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ വിശാലത തന്നെയാണ് നമ്മളെ അദ്ഭുതപ്പെടുത്തുക.അറിയുന്തോറും ഇനിയുമിനിയും ഒരുപാടൊരുപാട് അറിയാന്‍ ബാക്കിയുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയും. ഈ അറിവുകളുടെ ലോകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ചില കാര്യങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ചില ധാരണകള്‍ നമുക്കുണ്ടാവുന്നത് നന്നാവും.അത്തരം ചില കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നത്.
നക്ഷത്രങ്ങള്‍
സ്വന്തം ഗുരുത്വാകര്‍ഷണം കൊണ്ട് പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന പ്ലാസ്മാവസ്ഥയിലുള്ള ഒരു പിണ്ഡമാണ് നക്ഷത്രം എന്ന് പറയാം.നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നവ തന്നെ കോടിക്കണക്കിനു നക്ഷത്രങ്ങളുണ്ട്.അങ്ങനെ കാണാനാവാത്തവയും ഒരുപാടൊരുപാടുണ്ട്.മനസ്സിലാക്കാനുള്ള സൗകര്യത്തിനു വേണ്ടി പണ്ടു കാലം മുതല്‍ തന്നെ മനുഷ്യര്‍ നക്ഷത്രങ്ങളെ പല കൂട്ടങ്ങളാക്കി.ഇവയാണ് നക്ഷത്രഗണങ്ങള്‍ അഥവാ കോണ്‍സ്റ്റലേഷനുകള്‍.അവരുടെഭാവനയ്ക്കനുസരിച്ച് നക്ഷത്രക്കൂട്ടങ്ങള്‍ക്ക് ആകൃതി നിശ്ചയിച്ചു.അവയ്ക്ക് പലതരം പേരുകളും നല്‍കി.പല പ്രദേശത്തുള്ളവര്‍ഒരേ നക്ഷത്രങ്ങള്‍ക്ക് പല തരം രൂപങ്ങളാണ് കല്‍പ്പിച്ചു നല്‍കിയത്.പേരുകളും പല വിധമായിരുന്നു.അവരുടെ ആരാധനാ മൂര്‍ത്തികളുടെ പേര് അവരുടെ ആയുധങ്ങളുടെ പേര് ഒക്കെയാണ് ചില നക്ഷത്രക്കൂട്ടങ്ങള്‍ക്ക് നല്‍കിയ പേരുകള്‍. ഔദ്യാഗികമായി 88 നക്ഷത്രക്കൂട്ടങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ആകാശത്ത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന വേട്ടക്കാരന്‍ അഥവാ ഓറിയോണ്‍ അക്കൂട്ടത്തില്‍ ഒന്നാണ്. തേളിന്റെ രൂപത്തിലുള്ള വൃശ്ചികം രാശി അക്കൂട്ടത്തിലൊന്നാണ്.
നമ്മുടെ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം ഏതാണ് ? അതെ അത് നമ്മുടെ സൂര്യന്‍ തന്നെ സൂര്യനെ ഒരു വലിയ പാത്രമായി സങ്കല്പിച്ചാല്‍ ഏതാണ്ട് 13 ലക്ഷം ഭൂമികളെ സൂര്യന്റെ അകത്ത് ഇട്ടുവെക്കാം.ഭൂമിയടക്കം ഗ്രഹങ്ങളിലെ ചൂടും കാലാവസ്ഥയും നിയന്ത്രിക്കുന്നതില്‍ സൂര്യന്റെ വലിപ്പവും ചൂടും ഭൂമിയില്‍ നിന്നുളള അതിന്റെ അകലവും ഒക്കെ വലിയ പങ്കാണ് വഹിക്കുന്നത്. നോക്കൂ പ്രകാശം ഒരു സെക്കന്റു കൊണ്ട് മൂന്നുലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.അപ്പോള്‍ ഒരു മിനിറ്റുകൊണ്ടോ ? അതിന്റെ 60 ഇരട്ടി ദൂരം സഞ്ചരിക്കും.ല്ലേ.?അപ്പോള്‍ 8 മിനിറ്റുകൊണ്ടോ ? ഒരു സെക്കന്റു കൊണ്ട് സഞ്ചരിക്കുന്നതിന്റെ 480 ഇരട്ടി ദൂരം. അതായത് ഇത്രയും ദൂരെയാണ് നമ്മുടെ സൂര്യന്‍ ഉള്ളത്.അതായത് 149597870കിലോമീറ്റര്‍ (ഏതാണ്ട് 15 കോടി കിലോമീറ്റര് ) അകലെ.സൂര്യപ്രകാശം ഭൂമിയിലെത്താന്‍ ഏതാണ്ട് 8 മിനിറ്റ് സമയമെടുക്കും.
നെബുല എന്ന വാതകക്കൂട്ടത്തിന്റെ പരസ്പരആകര്‍ഷണം അഥവാ ഗുരുത്വം കൊണ്ടുള്ള ചുരുങ്ങി ഒന്നാവലിലൂടെയാണ് നക്ഷത്രങ്ങളുടെ രൂപപ്പെടല്‍ ആരംഭിക്കുന്നത് എന്നു പറയാം.പ്രധാനമായും ഹൈഡ്രജനും കുറച്ച് ഹീലിയവും വളരെക്കുറച്ച് അളവില്‍ മറ്റുചില ഭാരംകൂടിയ മൂലകങ്ങളുമാണ് ഇതില്‍ ഉണ്ടാവുക.ഹൈഡ്രജന്‍ കണികകള്‍ കൂടിച്ചര്‍ന്ന് ഹീലിയം ഉണ്ടാകുന്ന വലിയ പ്രവര്‍ത്തനമാണ് നക്ഷത്രങ്ങളില്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്നത്.ഇങ്ങനെ ഹൈഡ്രജന്‍ കണികകള്‍ കൂടിച്ചര്‍ന്ന് ഹീലിയം ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ ധാരാളം ഊര്‍ജവും പുറത്തുവിടും.ഈ പ്രക്രിയ ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്നാണ് അറിയപ്പെടുന്നത്.ഈ ഊര്‍ജമാണ് സൂര്യനില്‍ നിന്നും മറ്റു നക്ഷത്രങ്ങളില്‍ നിന്നും പുറത്തുവിടുന്ന പ്രകാശത്തിന്റെയും താപത്തിന്റെയുമൊക്കെ കാരണം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുകൊണ്ട് ഗ്രഹങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കുമൊന്നും സ്വയം പ്രകാശമോ താപമോ പുറത്തുവിടാന്‍ കഴിയില്ല.സൂര്യ പ്രകാശം അവയില്‍ തട്ടി പ്രതിഫലിക്കുന്നതുകൊണ്ട് മാത്രമാണ് സ്വയം പ്രകാശമില്ലാതിരുന്നിട്ടും ചന്ദ്രനേയും ഗ്രഹങ്ങളേയുമൊക്കെ നമുക്ക് കാണാന്‍ കഴിയുന്നത്.
നക്ഷത്രങ്ങള്‍ക്ക് മരണമുണ്ടോ ? തീര്‍ച്ചയായും നമ്മുടെ സൂര്യനുള്‍പ്പെടെ എല്ലാ നക്ഷത്രങ്ങള്‍ക്കും അവസാനമുണ്ട്.അവയിലെ ഹൈഡ്രജന്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ നാശവും ആരംഭിക്കും.അവശേഷിക്കുന്ന ദ്രവ്യത്തിനറെ അളവനുസരിച്ച് അവ വെള്ളക്കുള്ളന്‍മാരോ ന്യൂട്രോണ്‍ നക്ഷത്രമോ വലിയ ഭാരമുള്ള തമോദ്വാരങ്ങള്‍ അഥവാ ബ്ലാക്ക് ഹോളുകളോ ആയി മാറാം.പക്ഷേ നമുക്ക് ഭയപ്പെടാനില്ല.ഏകദേശം അയ്യായിരം കോടി വര്‍ഷങ്ങള്‍ ഇനിയും നമ്മുടെ സൂര്യന് ആയുസ്സുണ്ട്.അതിനുശേഷം ഹൈഡ്രജന്‍ അവസാനഘട്ടമെത്തി അതൊരു ചുവന്ന ഭീമനായി മാറും .ചുവന്ന ഭീമന്‍ അപ്പോവേക്കും നമ്മുടെ ഭൂമി ഉല്‍പ്പെടെ ഗ്രഹങ്ങളെ മൊത്തം വിഴുങ്ങിയിട്ടുണ്ടാകും .പിന്നെ ഒരു പത്തു ലക്ഷം വര്‍ഷം കഴിയുമ്പോള്‍ സൂര്യന്‍ ചുരുങ്ങി ഒരു വെള്ളക്കുള്ളനായി മാറും
സൂര്യനെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കൂ. നമ്മുടെഇപ്പോള്‍ മഴ വളരെ കുറഞ്ഞത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കും ഇതിനു കാരണം സൗര കളങ്കങ്ങളാണ് എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. ചുട്ടുപഴുത്തു കിടക്കുന്ന സൂര്യന്റെ ഉപരിതലത്തില്‍ കാണപ്പെടുന്ന ചൂടുകുറഞ്ഞ ഭാഗങ്ങളാണിവ.കാന്തികതയിലെ വ്യത്യാസങ്ങള്‍ കൊണ്ടാണ് ചൂടു കുറഞ്ഞ ഈ കറുത്ത ഭാഗങ്ങള്‍ ഉണ്ടാവുന്നത്.ഇങ്ങനെ കാണുന്ന പല കറുത്ത പൊട്ടുകള്‍ക്കും നമ്മുടെ ഭൂമിയേക്കാള്‍ വലിപ്പമുണ്ടാകും എന്ന കാര്യം ഓര്‍ക്കണം .ട്ടോ.ഇനിയുമിനിയും എന്തൊക്കെയാണ് സൂര്യനെക്കുറിച്ചു തന്നെ അറിയാനിരിക്കുന്നത്.അല്ലേ...? അപ്പോള്‍ നക്ഷത്രങ്ങളെക്കുറിച്ച് അറിയാന്‍ തുടങ്ങിയാലോ.....?
Very useful
ReplyDelete