ആസ്വാദനക്കുറിപ്പ് തയ്യാറാക്കുമ്പോള്‍
മലയാളത്തില്‍ പല ക്ലാസ്സുകളിലും പലതരം ആസ്വാദനക്കുറിപ്പുകള്‍ തയ്യാറാക്കേണ്ട ആവശ്യം നമുക്ക് വരാറുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. കുട്ടികളുടെ പ്രായത്തിനനനുസരിച്ച് ആസ്വാദനക്കുറിപ്പിന്റെ നിലവാരത്തിലും സ്വാഭാവികമായും നിലവാര വ്യത്യാസം ഉണ്ടാകുമല്ലോ. അതായത് കുട്ടിയുടെ പ്രായത്തിനും നിലവാരത്തിനും അനുസരിച്ചുള്ള നിലവാരമാണ് ആസ്വാദനക്കുറിപ്പിനും പ്രതീക്ഷിക്കുക.
പുസ്തക ആസ്വാദനം പുസ്തക പരിചയം എന്നിവ ചിലപ്പോഴെങ്കിലും ആവശ്യമാകാറുണ്ടെങ്കിലും കഥ ,കവിത എന്നിവയുടെ ആസ്വാദനം തയ്യാറാക്കാനാണ് താഴ്ന്ന ക്ലാസ്സുകളില്‍ നിര്‍ദേശിക്കുക. അതുകൊണ്ടുതന്നെ അക്കാര്യത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാന്‍ ശ്രമിക്കാം.
ആമുഖം
ആദ്യത്തെ ഖണ്ഡികയില്‍ നമ്മള്‍ രചനയെ വായനക്കാരന് പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. രചനയുടെ പേര് , എഴുത്തുകാരന്റെ പേര് , ആ രചന ഉള്‍പ്പെടുന്ന പുസ്തകം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പ്രധാനമായും സൂചിപ്പിക്കേണ്ടത് .രചനയുടെ വലിപ്പം സൂചിപ്പിക്കണം. അതായത് അത് വളരെ ചെറുതാണോ ഇടത്തരമാണോ വലുതാണോ എന്നും കൃതി എന്തിനെക്കുറിച്ചാണ് എന്നുമൊക്കെ പറയണം.
വിവരണം
ഇവിടെയാണ് നമ്മള്‍ സാഹിത്യ സൃഷ്ടിയുടെ അകത്തേക്ക് പ്രവേശിക്കുന്നത്.കഥയുടെ അല്ലെങ്കില്‍ കവിതയുടെ ആശയം വ്യക്തമായി പരാമര്‍ശിക്കണം. ആ ആശയ ത്തിന്റെ തുടക്കം, ഒഴുക്ക് , അവസാനിപ്പിക്കല്‍ എന്നിവയെക്കുറിച്ച് നമ്മുടെ അഭിപ്രായം സൂചിപ്പിക്കലാണിത്. എങ്ങനെയാണ് ആരംഭിക്കുന്നത്, എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് അത് മുന്നോട്ട് നീങ്ങുന്നത്, എങ്ങനെയാണ് അവസാനിപ്പിക്കുന്നത് എന്ന് വിവരിക്കല്‍ തന്നെ. ഇവിടെ പ്രത്യേകത അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ആകര്‍ഷണീയത തോന്നുന്ന കാര്യങ്ങള്‍ വിട്ടുപോകാതെ അവതരിപ്പിക്കണം
ഉള്ളറകളിലേക്ക്
ഈ ഭാഗം ഉള്‍ക്കാമ്പിലേക്ക് പ്രവേശിക്കുകയാണ്.പ്രയോഗത്തിലെ ഭംഗി, വാക്കുകളുടെയും അക്ഷരങ്ങളുടേയും തെരഞ്ഞെടുപ്പിന്റെ സവിശേഷത, അത് രചനയ്ക്ക് ഉണ്ടാക്കുന്ന ഭംഗിയും ഭംഗിക്കുറവുമൊക്കെ പറയുന്ന ഭാഗമാണിത്.ഉദാഹരണമായി കവിതകളില്‍ ചില പ്രത്യേക അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരിക,എല്ലാ വരികളുടെയും തുടക്കമോ അവസാനമോ ഒരേ അക്ഷരം തന്നെയാവുക കേള്‍ക്കുമ്പോള്‍ ഏതാണ്ട് ഒരേ പോലുള്ള പദങ്ങളും അക്ഷരങ്ങളും ആവര്‍ത്തിക്കുക എന്നിവയൊക്കെ കാണാം.അത്തരം സവിശേഷതകളൊക്കെ ആസ്വാദനക്കുറിപ്പില്‍ സൂചിപ്പിക്കണം.
കഥകളിലാവുമ്പോള്‍ കഥാപാത്രങ്ങളുടെ പ്രത്യേതകകള്‍, അവരുടെ ശക്തിയും ദൗര്‍ബല്യങ്ങളും കേന്ദ്ര കഥാപാത്രം ഏത് , മറ്റു കഥാപാത്രങ്ങള്‍ക്ക് ആ കഥാപാത്രവുമായുള്ള ബന്ധം എന്താണ് ? ആ കഥാപാത്രം എന്തുകൊണ്ടാണ് കഥയിലെ ഏറ്റവും പ്രധാന കഥാപാത്രമാവുന്നത് എന്നൊക്കെ പരാമര്‍ശിക്കണം.ചില തരം പ്രത്യേ സൂചനകള്‍ ഒക്കെ കഥയിലും കവിതയിലും ഒക്കെ ഉണ്ടാവും.വീട്ടിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള സൂചനകള്‍ ഏതെങ്കിലും കഥാപാത്രത്തിന്റെ പുറത്തേക്ക് വ്യക്തമാക്കാത്ത സ്വാഭാവങ്ങള്‍ അയാളുടെ അല്ലെങ്കില്‍ അവളുടെ സംസാരഭാഷയുടെ പ്രത്യേകതകള്‍ എല്ലാം വ്യക്തമാക്കണം.
ക്ഷണം
നിങ്ങളുടെ ചില കണ്ടെത്തലുകള്‍, അഭിപ്രായങ്ങല്‍ ഒക്കെ സൂചിപ്പിക്കാനും നിങ്ങള്‍ക്ക് ഏറ്റവും ഇഷ്യപ്പെട്ടതോ ഇഷ്ടപ്പെടാത്തതോ ആയ ഭാഗങ്ങളും അതിന്റെ കാരണങ്ങളും ഇവിടെയാണ് പറയുക.ഈ കൃതി വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന സൂചനകളും ഇവിടെയാണ് നല്‍കുക.നിങ്ങളുടെ അഭിപ്രായങ്ങളുടെ ഒരു ചുരുക്കിയെഴുത്താണ് ഇത് എന്ന് പറയാം.
ഒരു കാര്യം ശ്രദ്ധിക്കണം
നിങ്ങള്‍ എഴുതുന്ന ആസ്വാദനക്കുറിപ്പില്‍ ഇത്തരം തലക്കെട്ടുകള്‍ ഒന്നും നല്‍കരുത്. ഞാന്‍ ഇവിടെ ചില തലക്കെട്ടുകള്‍ നല്‍കിയത് ആസ്വാദനക്കുറിപ്പിലെ അനുവര്‍ത്തിക്കാവുന്ന ഘട്ടങ്ങള്‍ പരിചയപ്പെടുത്താനാണ്.അതിനര്‍ത്ഥം ഈ എല്ലാ ഘട്ടങ്ങളും തന്നെ വേണം എന്നല്ല.മാത്രവുമല്ലഇവയില്‍ പുതിയ ഘട്ടങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. ആസ്വാദനക്കുറിപ്പ് നിങ്ങളുടെ ആസ്വാദനത്തിന്റെ എഴുത്താണ്.അത് മറ്റൊരാളുടെ എഴുത്തുമായി താരതമ്യപ്പെടുത്താനാവില്ല.
Comments
Post a Comment